ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏക സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കും. ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയാണ്. വിവാഹം ഉൾപ്പടെയുള്ളവ രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉദ്ഘാടനം ചെയ്യും. ഉത്തരാഖണ്ഡിൽ നിലവിലുള്ള സർക്കാർ വന്ന ശേഷം സംസ്ഥാനത്ത് യു.സി.സി നടപ്പാക്കാൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനമായിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികൾ. യുണിഫോം സിവിൽ കോഡ് ഉത്തരാഖണ്ഡ് 2024 ബിൽ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയിൽ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാർച്ച് 12 ന് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ സ്വത്തവകാശം, പിന്തുടർച്ചാവകാശം, വിവാഹം, വിവാഹമോചനം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജനുവരി മുതൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പുഷ്കർ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
ചില പ്രത്യേക സമുദായങ്ങളെയും ആദിവാസികളെയും നിയമത്തിൻ്റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിൻ്റെ പരിധിയിൽ വരുമെന്നാണ് അറിയുന്നത്. 60 ദിവസത്തിനകം ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും യു.സി.സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. തുടങ്ങിയവയാണ് ഏകീകൃത സിവിൽ കോഡിലെ പ്രധാന വ്യവസ്ഥകൾ.

Related Posts