മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷൻ്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുന്നത്. പ്രാരംഭ വാദം ഇക്കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ പുനസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ്. എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ 2018 ജൂലൈ 2 നാണ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 2018 സെപ്‌തംബർ 26 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ കഴിഞ്ഞ വർഷം തുടങ്ങാനിരിക്കെ കേസിലെ ചില നിർണായക രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടു. ഈ രേഖകൾ പുനസൃഷ്ടിച്ച് പിന്നീട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. അഭി മന്യുവിൻ്റെ അമ്മ ഭൂപതി കേസിൽ വിചാരണ അകാരണമായി നീണ്ട് പോകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അമ്മ ഭൂപതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Related Posts