മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിജ്ഞയുടെ ഫലമായാണ് ടൗൺഷിപ്പ് യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ആദ്യഘട്ടത്തിൽ 175 വീടുകൾ ദുരന്താതിജീവിതർക്കായി കൈമാറും. കൂടാതെ 178 ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യും. ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദുരന്തത്തിനു പിന്നാലെ “കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്ന പ്രഖ്യാപനത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിരവധി പ്രതിസന്ധികളും വിമർശനങ്ങളും മറികടന്ന് ജനങ്ങളുടെ പിന്തുണയോടെ സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടുപോയി. സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സുമനസ്സുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സഹകരണവും പദ്ധതിയുടെ വേഗത കൂട്ടി എന്നും അദ്ദേഹം അറിയിച്ചു.