കഷായത്തിൽ വിഷം കലർത്തിയ ഷാരോൺരാജിനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷ ഇന്ന് വിധിക്കും. കാമുകനായ ഷാരോൺരാജിനെ ഒന്നാംപ്രതി ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. സെഷൻസ് കോടതി രാവിലെ 11 നാണ് വിധി പറയുക. മൂന്നുദിവസം നീണ്ട പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. 2022 ഒക്ടോബർ 14 -ന് ഷാരോൺ രാജിനെ ഗ്രീഷ്‌മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഒക്ടോബർ 25 ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺരാജ് മരിച്ചത്. പ്രതിയായ ഗ്രീഷ്‌മയ്ക്ക് പരമാവധി വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഒരു ചെറുപ്പക്കാരനെ അല്ല, ആ ചെറുപ്പക്കാരൻ്റെ സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോൾ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. പ്രതിക്ക് ചെകുത്താൻ്റെ സ്വഭാവമാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. 11 ദിവസത്തോളം ഷാരോൺ അനുഭവിച്ച വേദനയും ഡോക്‌ടർമാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നെന്നും .ആ സ്വപ്‌നങ്ങളാണ് ഗ്രീഷ്‌മ തകർത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്‌താപം ഉണ്ടായില്ല. അതിനാൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

2022 ഒക്ടോബർ 14-ന് ഷാരോൺ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്‌മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി ഇവിടെവെച്ച് ഗ്രീഷ്‌മ ഷാരോണിന് കളനാശിനിയായ പാരകുറ്റ് കലർത്തിയ കഷായം നൽകി. കഷായം കൊടുത്ത ശേഷം കയ്പ് മാറാൻ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോൺ മുറിയിൽ ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഛർദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്‌ത ഷാരോൺ പാറശ്ശാല ജനറൽ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങളുണ്ടായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാരോണിൻ്റെ വൃക്ക, കരൾ, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനിൽ ജയരാജിൻ്റെ മകനാണ് ഷാരോൺ, നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബി.എസ്സി. റേഡിയോളജി അവസാനവർഷ വിദ്യാർഥിയായിരുന്നു.

Related Posts