ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ പാലക്കാട് സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ(14) കുട്ടിയെ കണ്ടെത്താനായി പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാസേന എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. നൂറിലധികം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നിലവിൽ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചെങ്കുത്തായ ഇറക്കങ്ങളിലും അതീവ ദുഷ്കരമായ പാറക്കെട്ടുകൾക്കിടയിലും ജീവൻ പണയപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. മനുഷ്യസാധ്യമായ തിരച്ചിലിന് പുറമെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായവും തേടിയിട്ടുണ്ട്. വനത്തിനുള്ളിലെ താപവ്യതിയാനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ന് രാവിലെ വിപുലമായ പരിശോധന നടത്തി. ഇന്നലെ രാത്രി വൈകിവരെ കൊക്കകളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ നേരിട്ട് ഇടപെട്ടിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കാൻ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ വല്ലതും ഉണ്ടായോ അതോ കുട്ടി അബദ്ധത്തിൽ കാട്ടിനുള്ളിൽ പെട്ടുപോയതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബാബ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ശ്രീനന്ദയെ കാണാതായത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് മാതാപിതാക്കൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ കർണാടകയിലെത്തിയത്.

Related Posts