ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം ഇതിനായി രൂപീകരിച്ച് പരിശോധിക്കും. കത്രിക കുടുങ്ങിയ വീട്ടമ്മ അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ലെന്നും വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.
ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് വിരമിച്ചിരുന്നു. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി വിശദീകരിച്ചു. 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ (59) ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദനയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.