ചാനല്‍ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പൂഞ്ഞാറിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യും.

ഡിജിപിയാണ് നിര്‍ദേശം നൽകിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിൽക്കും. പ്രകോപനത്താലാണ് പരാമർശമെങ്കിൽ ജോർജിന് രാഷ്ട്രീയ നേതാവായി തുടരാൻ അർഹതയില്ല.

ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ് പി.സി ജോർജിന്‍റെ പരാമർശമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷാവിധി ഉയർത്തുന്ന കാര്യം നിയമ കമ്മീഷനും പാർലമെന്‍റും പരിശോധിക്കണമെന്നും ഉത്തരവിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

നേരത്തെ കോട്ടയം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Posts