സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. കണ്ണൂർ, കാസറഗോഡ്, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതേസമയം നാളെ (മെയ് 31) സംസ്ഥാനത്തുടനീളം യെല്ലോ അലേർട്ടാണ് നിലവിലെ കാലാവസ്ഥാ പ്രവചനങ്ങൾ പ്രകാരം പ്രാബല്യത്തിലുള്ളത്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മെയ് 31ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ തൃശൂർ, എറണാകുളം, ആലപ്പുഴ (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 4.45നാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്. അതിശക്തമായ കാറ്റും മഴയും സംസ്ഥാനത്ത് തുടരുന്നതു മൂലമുണ്ടായ കെടുതികളിൽ പെട്ട് 5 മരണം കൂടി റിപ്പോർട്ട് ചെയ്തു. 3 പേരെ കാണാതായി.
തമിഴ്നാട് ചെക്പോസ്റ്റിനു സമീപം കുമളിയിൽ ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. ആലപ്പുഴയില്‍ കനാലിൽ വീണ് ഹൗസ് ബോട്ട് ജീവനക്കാരൻ മരിച്ചു. പുന്നപ്രയിൽ മീൻ പിടിക്കാൻ പോയ വയോധികനെ പാടശേഖരത്തിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞത്ത് തെങ്ങ് വീണ് ഒരാൾ മരിച്ചു. തുണിയലക്കാൻ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടിൽ ഒഴുക്കിൽ പെട്ട് മരിച്ചു. കാസർകോട് ബോവിക്കാനത്താണ് സംഭവം.