രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീർ കിരീടത്തിലേക്ക്. ആദ്യ ഇന്നിംഗ്സിൽ ജമ്മു ഉയർത്തിയ 584 റൺസിന് മറുപടി പറഞ്ഞ കർണാട 293 റൺസിന് എല്ലാവരും പുറത്തായി. ടീം എതിരാളികളായ കർണാടകയ്ക്കെതിരെ ഇതോടെ 291 റൺസിന്റെ നിർണായക ലീഡ് ജമ്മു കരസ്ഥമാക്കി. കർണാടകയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ജമ്മു നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ്.
ഇതോടെ അവർക്ക് 477 റൺസ് ലീഡായി. സാഹിൽ ലോത്ര (16), കമ്രാൻ ഇക്ബാൽ (94) എന്നിവരാണ് ക്രീസിൽ. ആറുവിക്കറ്റും ഒരു ദിവസവും കൈയിലിരിക്കെ പരമാവധി റൺസ് നേടുകയായിരിക്കും ജമ്മുവിന്റെ ലക്ഷ്യം. സമനിലയിൽ മത്സരം അവസാനിച്ചാൽ ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ കരുത്തിൽ ജമ്മു ജേതാക്കളാകും.