ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി. ഗായത്രിപ്പുഴ തരൂർ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയിൽ കാണാതായ പ്രണവിൻ്റെ (21) മൃതദേഹം പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നിൽ ഭാരതപ്പുഴയിലെ കടവിൽ കണ്ടെത്തി. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമൻ്റെയും ബിന്ദുവിൻ്റെയും മകനാണ്.
ആലത്തൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് ബികോം അവസാനവർഷ വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. മൃതദേഹം സംഭവ സ്ഥലത്തുനിന്ന് അൻപത് കിലോമീറ്ററിലേറെ ദൂരം ഒഴുകിപ്പോയി. വ്യാഴാഴ്‌ചരാവിലെ എട്ടുമണിയോടെയാണ് പാൻ്റ്സ് ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.