യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രണ്ടാംതവണ പ്രസിഡൻ്റായശേഷം നരേന്ദ്ര മോദിയുടെ ആദ്യ യു.എസ് സന്ദർശനമാണിത്. നരേന്ദ്ര മോദി ഫെബ്രുവരി 12, 13 തീയതികളിൽ യു.എസ് സന്ദർശിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസിൽ നടക്കുന്ന നിർമ്മിതബുദ്ധി ഉച്ചകോടിയിൽ പങ്കെടുത്തശേഷമാണ് മോദി യു.എസിലേക്ക് യാത്ര തിരിക്കുന്നത്. ട്രംപിൻ്റെ സ്ഥാനാരോഹണത്തിനുശേഷം അമേരിക്ക സന്ദർശിക്കുന്ന ആദ്യ ലോക നേതാക്കളിലൊരാളാണ് മോദിയെന്നും വിദേശകാര്യ വകുപ്പ് വിളിച്ചുചേർത്ത പ്രത്യേക വാർത്തസമ്മേളനത്തിൽ മിസ്രി പറഞ്ഞു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇറക്കുമതിത്തീരുവ സംബന്ധിച്ച് ട്രംപിൻ്റെ ഭീഷണി നിലനിൽക്കെയാണ് മോദിയുടെ സന്ദർശനം.
മോദിയെ ട്രംപ് യു.എസിലേക്ക് ക്ഷണിച്ചതായി കഴിഞ്ഞദിവസം വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. പ്രസിഡൻ്റായി അധികാരമേറ്റതിനു പിന്നാലെ ട്രംപിനെ ഫോണിൽ വിളിച്ച് മോദി അഭിനന്ദനം അറിയിച്ചിരുന്നു.

അനധിക്യത ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച് സൈനിക വിമാനത്തിൽ രാജ്യത്തേക്ക് തിരിച്ചയച്ചത് വലിയ വിവാദമായിരിക്കെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.

Related Posts