തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചു. എങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കൊല്ലം നവംബറിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് കവടിയാർ കൊട്ടാരം പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.

കൊട്ടാരത്തിനുള്ളിൽ തന്നെ ആദ്യ ഘട്ടത്തിൽ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് നിയമ സഹായം തേടിയത്. ഇതുമായി ബന്ധപ്പെട്ട് സന്ദർശകരുടെയും ജോലി ചെയ്യുന്നവരുടെയും ഉൾപ്പെടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ആകെ 15 ജീവനക്കാരാണ് കൊട്ടാരത്തിലുള്ളത്. പാരമ്പര്യമായി കൈമാറി വന്ന അത്യപൂർവ്വവുമായ 12 ഇനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉള്ളത്.

2025 നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളില്ലെന്ന് മനസിലായത്. അതിന് 10 ദിവസം മുൻപുവരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നുവെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങൾക്കിടയിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെയാണ് മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയത്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായയുടെ കിടപ്പ് മുറിയിലായിരുന്നു കാണാതായ സ്വർണ്ണം സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് അറിയിച്ചു. പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. 2 മാസം മുൻപ് ചില ഉദ്യോഗസ്ഥരോട് കുടുംബം വിവരം അറിയിച്ചിരുന്നു. എന്നാൽ കാര്യമായ അന്വേഷണമൊന്നും നടന്നില്ല. കേസെടുത്താൽ അന്വേഷണം മുന്നോട്ടു പോകൂവെന്ന് കമ്മീഷണർ അറിയിച്ചതോടെയാണ് വഴിത്തിരിവായത്. മോഷണം നടന്ന അലമാരക്കുള്ളിൽ വേറെയും വിലപിടിപ്പുള ആഭരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

Related Posts