നാമനിർദേശം ചെയ്യപ്പെട്ട എല്ലാ സിനിമകളും കണ്ടിരിക്കണം ഓസ്കർ വോട്ടിങ്ങിൽ സുപ്രധാന നിയമം വന്നു. ഓസ്കർ വോട്ടിങ് പ്രക്രിയയിൽ സുപ്രധാന നിയമം അവതരിപ്പിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. അക്കാദമി അംഗങ്ങൾ വോട്ടിങ്ങിന് മുൻപായി നോമിനേഷനിൽ വരുന്ന വിവിധ വിഭാഗങ്ങളിലെ എല്ലാ സിനിമകളും നിർബന്ധമായി കണ്ടിരിക്കണമെന്നാണ് പുതിയ നിയമം. 98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് മുന്നോടിയായാണ് പുതിയ നിയമം കൊണ്ടുവന്നത്.
പുതിയ നിയമത്തേക്കുറിച്ചുള്ള അറിയിപ്പ് കഴിഞ്ഞദിവസമാണ് അക്കാദമി അധികൃതർ പുറത്തുവിട്ടത്. മുൻപ് സിനിമകൾ വോട്ടർമാരോട് കാണാൻ നിർദ്ദേശിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ, ഏതൊക്കെ വിഭാഗങ്ങളിൽ വോട്ട് ചെയ്യണമെന്ന് അവർക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാമായിരുന്നു. വോട്ടവകാശമുള്ള അംഗങ്ങൾ ചില സിനിമകൾ ചില സിനിമകൾ കാണാതെ ഒഴിവാക്കുന്നു എന്ന് ദീർഘകാലമായി പരാതി നിലനിൽക്കുന്നുണ്ട്. അവാർഡ് നേടുന്ന സിനിമകളെ ഇത് യഥാർത്ഥത്തിൽ സ്വാധീനിച്ചിരുന്നു.
നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന് ചില വോട്ടർമാർ മുൻകാലങ്ങളിൽ, രഹസ്യ അഭിമുഖങ്ങളിൽ സമ്മതിച്ചിരുന്നു. പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ്. ബാഫ്റ്റ (BAFTA) ഇതിനകം ഉപയോഗിക്കുന്ന ഒരു പ്രക്രിയയ്ക്ക് സമാനമാണ് ഈ നിയമം. കൂടുതൽ അറിവോടെയും ഉത്തരവാദിത്തത്തോടെയുമുള്ള വോട്ടിംഗ് പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലും ഒരു പ്രധാന മാറ്റം വന്നിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ AP റിപ്പോർട്ട് ചെയ്‌തു. അഭയാർത്ഥികളോ രാഷ്ട്രീയ അഭയം തേടിയവരോ ആയ ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ മാതൃരാജ്യത്തെ മാത്രമല്ല, അവർ നിലവിൽ താമസിക്കുന്ന രാജ്യത്തെ പ്രതിനിധീകരിക്കാനും ഇപ്പോൾ അക്കാദമി അനുമതി നൽകും. പലായനം ചെയ്യേണ്ടി വന്നെങ്കിലും കഴിവുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ഓസ്കാർ പരിഗണന ലഭിക്കാൻ കൂടുതൽ നീതിയുക്തമായ അവസരം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.