കാശ്മീർ പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ സംസ്ഥാന പദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമായി തുടരുമ്പോഴും, ഇത് ഉന്നയിക്കേണ്ടത് മറ്റൊരു സമയത്താണെന്ന തിരിച്ചറിവ് ഉണ്ടെന്നും നാഷണൽ കോൺഫറൻസ് നേതാവ് വ്യക്തമാക്കി.

ഒരു രാഷ്ട്രീയ വിലപേശലിനുള്ള ആയുധമാക്കി മനുഷ്യജീവനെ മാറ്റില്ലെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി പറഞ്ഞു. കശ്‌മീരിലെ ക്രമസമാധാന ചുമതല തങ്ങൾക്കല്ലെന്നും ഒമർ കൂട്ടിച്ചേർത്തു. ‘എന്നാൽ ഇന്നത്തെ സാഹചര്യം ഉപയോഗിച്ച് കേന്ദ്രത്തിൽ നിന്ന് സംസ്ഥാന പദവി ആവശ്യപ്പെടാൻ ഞാൻ ശ്രമിക്കില്ല. മൃതദേഹങ്ങളുടെ പേരിൽ ഞാൻ സംസ്ഥാന പദവി ആവശ്യപ്പെടില്ല. മറ്റൊരു അവസരത്തിൽ ഞങ്ങൾ അത് ആവശ്യപ്പെടും’ അദ്ദേഹം പറഞ്ഞു.

എൻ്റെ രാഷ്ട്രീയം അത്ര വിലകുറഞ്ഞതല്ല, 26 ജീവൻ പണയപ്പെടുത്തി സംസ്ഥാന പദവി ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതിൻ്റെതായ പരിധികൾ ഉണ്ടായിരിക്കണമെന്ന് ഒമർ അബ്‌ദുള്ള എടുത്തു പറയുകയുണ്ടായി, പ്രത്യേകിച്ച് മനുഷ്യജീവനുകൾ കൂടി അതിൽ ഉൾപ്പെടുമ്പോൾ.

നാഷണൽ കോൺഫറൻസ് നേതാവ് പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്‌തു. ‘ഇന്ന് പഹൽഗാം ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു’ എന്നായിരുന്നു വിനോദസഞ്ചാരികളുടെ സുരക്ഷയും സംരക്ഷണവും തൻ്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നിയമസഭയിൽ ഇരകളുടെ പേരുകൾ വായിച്ചുകൊണ്ട് വ്യക്തമാക്കിയത്.

Related Posts