ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്‌സ് പ്രസ് സർവീസ് വരുന്നു. യാത്ര ഏകദേശം 13 മണിക്കൂർകൊണ്ട് പൂർത്തിയാക്കാനാവും. ബെംഗളൂരുവിനും ഗോവയിലെ മഡ്‌ഗാവിനും ഇടയിലൂടെ ഓടുന്ന പുതിയ വന്ദേഭാരത് മംഗളൂരു വഴിയായിരിക്കും സർവീസ് നടത്തുക. ഗോവയിലേക്കും തീരദേശ കർണാടകയിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ പുതിയ സർവീസ് വലിയ ഗുണകരമാകും.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് തീരദേശ വന്ദേ ഭാരത് എക്‌സ് സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ, ഇത് സംബന്ധിച്ച് റെയിൽവേ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്. ബോർഡ് നിർദേശം അംഗീകരിച്ചുകഴിഞ്ഞാൽ പുതിയ വന്ദേ ഭാരതിൻ്റെ ഷെഡ്യൂൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിരിക്കും. പാഡിൽ ബൈപാസ് വഴിയായിരിക്കും ട്രെയിൻ കടന്നുപോകുന്നത്.
13 മണിക്കൂർകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന ട്രെയിൻ യശ്വന്ത്പുരിൽ നിന്ന് രാവിലെ 6:05-ന് പുറപ്പെടും. വൈകുന്നേരം 7:15 ന് ട്രെയിൻ മഡ്ഗാവിൽ എത്തും. മഡ്‌ഗാവിൽ നിന്ന് പുലർച്ചെ 5:30 ന് പുറപ്പെട്ട് വൈകുന്നേരം 6:40 ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും.
ചിക്കബനവാരക്കും ഹസനും ഇടയിലുള്ള വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 % കിലോമീറ്ററായി വർധിപ്പിക്കാനും നിർദേശം ഉണ്ട്. സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി വർദ്ധിപ്പിക്കാനും സൗത്ത് വെസ്റ്റേൺ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.