ഇന്ത്യയും റഷ്യയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ഇതോടെ ധാരണയായിട്ടുണ്ട്. തൊഴിൽ, കുടിയേറ്റം എന്നിവയിലും ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. കൂടാതെ സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടുമെന്നും റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു.