കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നതായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രം പറയുന്നു.

മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന ബോധ്യത്താലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. നവീൻ ബാബുവും പെട്രോൾ പമ്പിന് എൻഒസി തേടിയിരുന്ന പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നു. പ്രശാന്തൻ എൻഒസി ലഭിക്കുന്നതിനു മുമ്പ് ബാങ്കിൽ നിന്നും പണം പിൻവലിച്ചിരുന്നു. പ്രശാന്തൻ ക്വാർട്ടേഴ്സിലെത്തി എൻഒസി അനുവദിക്കും മുൻപ് നവീൻ ബാബുവിനെ കണ്ടിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ പ്രശാന്തൻ, നവീൻ ബാബുവിന് പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകൾ ഇല്ല. പ്രശാന്തൻ പറഞ്ഞത് കേട്ട പി പി ദിവ്യ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം പൊതുമണ്ഡലത്തിൽ ആരോപണം ഉന്നയിക്കുകയാണ് ചെയ്‌തതെന്നും കുറ്റപത്രം പറയുന്നു. പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തൻ കേസിൽ 43-ാം സാക്ഷിയാണ്. ആകെ 79 സാക്ഷികളാണ് ഉള്ളത്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Related Posts