ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പ്രതിയായ മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാം. ജാമ്യാപേക്ഷയിലെ പ്രധാനവാദം തനിക്കെതിരേ തെറ്റായ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ്. സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടില്‍വെച്ച് ജനുവരി 16-നാണ് കുത്തേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നടന്‍ ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഷെരീഫുള്‍ ഇസ്ലാം വെള്ളിയാഴ്ച സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പിച്ചിരിക്കുന്നത്.
തെറ്റായ കേസാണ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പ്രഥമവിവര റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെയ്ഫിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞയാൾക്കും ഷെരീഫുൾ ഇസ്ലാമിനും തമ്മിൽ യാതൊരു മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. പോലീസ് ഇതിനെത്തുടർന്ന് ഫെയ്സ് റെക്കഗ്നിഷൻ ടെസ്റ്റ് നടത്തുകയും സിസിടിവിയിൽ പതിഞ്ഞ മുഖം അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിന്റേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജനുവരി19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് മൊഹമ്മദ് ഷെരീഫുൾ പിടിയിലായത്.