സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിൻ്റെ ഭാഗമാണ് സംസ്ഥാന ഘടകത്തില്‍ പി.കെ.ശ്രീമതി പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ആയിരുന്നു പി.കെ.ശ്രീമതി.

സെക്രട്ടറിയേറ്റിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും 75 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ ഒഴിവായി. റിട്ടയർ ചെയ്‌തു എന്ന് പറയാൻ പറ്റില്ല. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻറായി പ്രവർത്തിക്കുകയാണ്. അഖിലന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നൽകി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവർത്തനത്തിൽ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കാനാണ്’ എം.വി.ഗോവിന്ദൻ വിശദീകരിച്ചു.

കഴിഞ്ഞയാഴ്‌ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോൾ ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോൾ യോഗത്തിൽ വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ നൽകിയ ഇളവ് കേന്ദ്രകമ്മിറ്റിക്കു മാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ല.

Related Posts