2024-25ലെ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. 1ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് സബ് എഡിറ്റർ സൂരജ് ടിയും 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസും അർഹരായി. സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പ് ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിഷ ജയൻ.സിക്കും ലഭിച്ചു. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങൾ എന്നതിനെപ്പറ്റിയുള്ള പഠനമാണ് ജിഷ ജയൻ നടത്തുക. മലയാള സായാഹ്നപത്രങ്ങളുടെ ചരിത്രവും വർത്തമാനവും സൂരജ് രേഖപ്പെടുത്തും.
ദേശാഭിമാനി അസിസ്റ്റൻ്റ് എഡിറ്റർ കെ.ആർ. അജയൻ, മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോർഡിനേറ്റർ അനിൽ മംഗലത്ത്, പ്രസാധകൻ മാസിക എഡിറ്റോറിയൽ അസിസ്റ്റൻ്റ് ഡോ.രശ്‌മി. ജി, മലയാള മനോരമ റിപ്പോർട്ടർ ദീപ്തി പി.ജെ, മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസ്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ജേണലിസ്റ്റ് ഹണി ആർ.കെ, ദേശാഭിമാനി കാസർഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, മീഡിയ വൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, ജനയുഗം സബ്എഡിറ്റർ ദിൽഷാദ് എ.എം. എന്നിവർക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ്.
ഡോ. സെബാസ്റ്റ്യൻ പോൾ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബ്, കെ.വി.മോഹൻ കുമാർ ഐ.എ.എസ്, ഡോ.പികെ രാജശേഖരൻ, ഡോ.മീന ടി പിള്ള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുത്തത്.