നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തിയ ചില പ്രവാസികൾക്ക് 2,27,369.43 രൂപ (9000 ദിർഹം) ചെലവാക്കേണ്ടി വന്നതായി റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കുറച്ചതും വിമാനക്കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നതും കാരണം നാട്ടിലേക്ക് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കുറഞ്ഞേക്കുമെന്നും ഒരു ഗൾഫ് മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.

സാധാരണ പ്രവാസികളെ സംബന്ധിച്ച് ഇത്രയും വലിയൊരു തുക ചെലവാക്കി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്നത് പ്രാവർത്തികമല്ല. തിരഞ്ഞെടുപ്പ് സമയത്ത് സാധാരണ വോട്ടിടാനായി കേരളത്തിലേക്ക് പതിനായിരക്കണക്കിന് പ്രവാസികൾ എത്താറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രവാസികളെ നാട്ടിലെത്തിക്കാനായി ചാർട്ടർ വിമാനങ്ങൾ പോലും ഒരുക്കിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യം കാരണം ഭൂരിഭാഗം പേരും വോട്ട് ചെയ്യണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്.

യുഎഇയിൽ നിന്ന് ബംഗളൂരു ടിക്കറ്റെടുത്ത ശേഷം അവിടെ നിന്നും കേരളത്തിലേക്ക് പോകാനാണ് മറ്റുചിലർ തീരുമാനിച്ചിരിക്കുന്നത്. എന്തായാലും കഴിഞ്ഞ തവണയെ അപേക്ഷിച്ച് കേരളത്തിൽ പോളിംഗ് ശതമാനം കുറയാൻ ഇത് കാരണമായേക്കും. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പലർക്കും തൊഴിൽ നഷ്‌ടപ്പെടുന്ന കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Related Posts