പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം. പശ്ചിമബംഗാളിൽ താലിബാൻ ഭരണമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണ് എന്നത് മമത സർക്കാർ അംഗീകരിക്കുന്നില്ലേ എന്ന് ചോദിച്ച അദ്ദേഹം, സംസ്ഥാനത്ത് സ്ത്രീകൾക്ക് ജോലിക്ക് പോലും പുറത്തിറങ്ങാൻ പറ്റാതായെന്ന് കുറ്റപ്പെടുത്തി. ക്രിമിനലുകളെയാണ് പൊലീസുകാർ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി മമത ബാനർജിയുടെ പ്രതികരണം വൻ വിവാദമായിരുന്നു. ഒഡീഷ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെയാണ് മെഡിക്കൽ കോളേജ് ക്യാംപസിന് സമീപം ക്രൂരപീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പ്രതികരിച്ചത്. രാത്രി പന്ത്രണ്ടരയ്ക്ക് പെൺകുട്ടിയെ സുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചത് എന്തിനാണെന്ന് ചോദിച്ച മമത, എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും മമത പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് ബിജെപി വിമർശിച്ചിരുന്നു.