മലപ്പുറം എളങ്കൂരിൽ കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ (26) മരിച്ചയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രബിനെ കസ്‌റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തത്. ഭർത്യവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. ജനുവരി 30 നു വൈകിട്ട് 5.30 ന് ആണു മരണ വിവരം ബന്ധുക്കൾ അറിഞ്ഞത്.
ബെഡ് റൂമിൻ്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കാണപ്പെട്ടത്. രണ്ട് കയ്യിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. വിഷ്ണുജയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിക്കുന്നു. സൗന്ദര്യം കുറവാണെന്നു പറഞ്ഞ് പ്രബിൻ നിരന്തരം മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നത് സംബന്ധിച്ചു നേരത്തെ സ്വന്തം വീട്ടുകാർക്കു സൂചന നൽകിയിരുന്നത്രെ വിഷ്ണുജ. മരണത്തിൽ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
2023 മെയ് യിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഡിഗ്രി പഠനത്തിന് ശേഷം എച്ച്ഡിസി കോഴ്‌സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിഷ്‌ണുജ. പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവൻ്റെ മകളാണ്. ഇന്നലെ സ്വന്തം വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും പ്രബിൻവിഷ്ണുജയെ വാഹനത്തിൽ കൊണ്ടുപോകാനോ വിഷ്‌ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയാറായിരുന്നില്ല.
ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നും ആക്ഷേപിച്ചിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സ് ആണ് പ്രബിൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്‌കരിച്ചു.