ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ വിരാട് കോലിയുടെ (120 പന്തില്‍ 135) സെഞ്ചുറിയും കെ എല്‍ രാഹുല്‍ (56 പന്തില്‍ 60), രോഹിത് ശര്‍മ (51 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്‌സുകളുമാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കോലിയുടെ 52-ാം ഏകദിന സെഞ്ചുറിയാണിത്. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍, നന്ദ്രേ ബര്‍ഗര്‍, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്‌സ്വാളിൻ്റെ(18) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. നാലാം ഓവരില്‍ നന്ദ്രേ ബര്‍ഗറിൻ്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. മാത്രമല്ല, രോഹിത് ശര്‍മ നല്‍കിയ അനായാസ ക്യാച്ച് അവസരം ടോണി ഡി സോര്‍സി നിലത്തിടുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ രോഹിത് – കോലി സഖ്യം 136 റണ്‍സ് കൂട്ടിചേര്‍ത്തു. 22-ാം ഓവറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മാര്‍കോ യാന്‍സന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്ന് ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദിന് എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ബാര്‍ട്ട്മാനായിരുന്നു വിക്കറ്റ്. അഞ്ചാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും (13) നിരാശപ്പെടുത്തിയതോടെ നാലിന് 200 എന്ന നിലയിലായി ഇന്ത്യ. വൈകാതെ കോലി സെഞ്ചുറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. പിന്നീട് തകര്‍ത്തടിച്ച കോലി 43-ാം ഓവറില്‍ പുറത്തായി. ഏഴ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. രാഹുലിനൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കോലി മടങ്ങിയത്. ബര്‍ഗറിനായിരുന്നു വിക്കറ്റ്.