കേരളത്തിൻ്റെ സ്വപ്‌നപദ്ധതി ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും. വൈകിട്ട് നാലിന് ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് കല്ലിടും. കിഫ്ബി, കൊങ്കൺ റെയിൽവേ കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നീ ത്രികക്ഷി കരാറിലൂടെയാണ് തുരങ്കപാത നിർമിക്കുക. 2200കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ പാത യാഥാർഥ്യമാക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇത് മാറും.

നാളെ നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാർ. ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമാണ പ്രവർത്തനം ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. രണ്ട് പാക്കേജുകളിലായി പാലവും അപ്രോച്ച് റോഡും നാലുവരി തുരങ്കപാതയും നിർമിക്കും.

ടണൽ വെന്റിലേഷൻ, നിരീക്ഷണ കാമറകൾ, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സംവിധാനം, അഗ്നിശമന സംവിധാനം, ശബ്ദ, വെളിച്ചസംവിധാനങ്ങൾ, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ തുരങ്കത്തിന് അകത്തുണ്ടാകും. ആറ് മാസത്തിലൊരിക്കൽ വിദഗ്‌ധ സമിതി നിർമാണം വിലയിരുത്തും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും നിർമാണം തുടങ്ങുക. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽനിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ വയനാട്ടിലെത്താൻ സാധിക്കും.

Related Posts