ഇന്ത്യയ്ക്ക് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരം താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യുഎസുമായി ബന്ധം വഷളാവുകയും ചൈനയോട് ഇന്ത്യ കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെ ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ പ്രസ്താവന.

രാജ്യം ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും ഇന്ത്യയുടെ നയവും സ്വാശ്രയത്വവും തന്ത്രവും ശക്തമണെന്നും ഇന്ത്യയ്ക്കെ‌തിരെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 50% തീരുവകളെ പരോക്ഷമായി പരാമർശിച്ചു രാജ്‌നാഥ് പറഞ്ഞു.

ഇന്ത്യയിലെ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും താൽപ്പര്യങ്ങൾ മോദി സർക്കാരിന് പരമപ്രധാനമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവി ഡിഫൻസ് സമ്മിറ്റ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി.

“സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല, സ്ഥിരം താൽപ്പര്യങ്ങൾ മാത്രം. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. ഞങ്ങളുടെ കർഷകരുടെയും സംരംഭകരുടെയും താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. രാജ്യത്തിൻ്റെ ക്ഷേമത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും ഞങ്ങൾ തയ്യാറല്ല. എത്ര വലിയ സമ്മർദ്ദമുണ്ടായാലും ഇന്ത്യ അതിൻ്റെ കർഷകർ, കടയുടമകൾ, കന്നുകാലി വളർത്തുന്നവർ, ചെറുകിട വ്യവസായികൾ, സാധാരണ പൗരന്മാർ എന്നിവരുടെ താൽപ്പര്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് തുടരും.”

” ഇന്ത്യയുടെ മേൽ എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുവോ അത്രയധികം അത് ശക്തമായ പാറയായി മാറുമെന്ന് ഉറപ്പാണ്.” പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ അഹമ്മദാബാദിൽ നടന്ന റാലിയിൽ, ഇന്ത്യ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും അതിനെ നേരിടാനുള്ള ശക്തി വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി ട്രംപിന് പരോക്ഷമായ സന്ദേശം നൽകിയിരുന്നു.

Related Posts