വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിൻ്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും ഇതിനായി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്.
ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് കാണാതായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം. കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിനായി വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രാദേശിക സമിതികള്‍ രൂപവത്കരിക്കണം. സമതി തയ്യറാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് വ്യക്തമായ ശുപാര്‍ശ സഹിതം സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.