ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് (ശനിയാഴ്ച) വിധിപറയും. കേസ് വെള്ളിയാഴ്ച പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ സാങ്കേതികമായി എതിർത്തെങ്കിലും കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

പ്രാഥമികഘട്ടത്തിലാണ് അന്വേഷണണമെന്ന് പറഞ്ഞതല്ലാതെ ജാമ്യത്തെ എതിർക്കുന്ന തെളിവുകൾ നിരത്താനോ ശക്തമായ വാദങ്ങൾ ഉന്നയിക്കാനോ പ്രോസിക്യൂഷൻ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കന്യാസ്ത്രീകൾക്കെതിരേ പരാതി നൽകിയ ബജ്‍റംഗ്‍ദൾ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിർത്തു.

പോലീസിനോട് വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച എൻഐഎ കോടതി കേസ് ഡയറി ആവശ്യപ്പെട്ടു. തുടർന്ന് വിഷയമെടുത്തപ്പോൾ, മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്നും സമ്മതപ്രകാരം ജോലിക്കായാണ് പെൺകുട്ടികൾ വന്നതെന്നും കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരായ അഭിഭാഷകനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ അമൃതോ ദാസ് വാദിച്ചു.

പ്രാഥമികഘട്ടത്തിലാണ് അന്വേഷണണമെന്ന് ചൂണ്ടിക്കാട്ടി ഛത്തീസ്‌ഗഢ് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂട്ടർ ദേവ് ചന്ദ്രവംശി ജാമ്യാപേക്ഷയെ എതിർത്തു. കന്യാസ്ത്രീകളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണോ എന്ന് കോടതി ചോദിച്ചപ്പോൾ അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി.

കസ്റ്റഡി അപേക്ഷ നൽകിയിരുന്നില്ലെന്നും പ്രോസിക്യൂട്ടർ പിന്നീട് വ്യക്തമാക്കി. കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി, എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസിയുവാവ് സുഖ്‌മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ ദുർഗ് സെൻട്രൽ ജയിലിൽ അറസ്റ്റിലായ അന്നുമുതൽ കഴിയുകയാണ്.

Related Posts