ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പ് മലപ്പുറം കാളികാവിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ അടയ്ക്കാക്കുണ്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കാളികാവിൽ ഈ മാസം 15 നാണ് ടാപ്പിംഗ് തൊഴിലാളിയായ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ കൊന്നു തിന്നത്. ആർആർടി സംഘങ്ങൾ ഇതിനു പിന്നാലെ തിരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്‌തു.
15 ദിവസത്തിനു ശേഷം ഈ കൂട്ടിലാണ് പുലി കുടുങ്ങിയത്. കൽക്കുണ്ട് ചേരിയിൽ ബുധനാഴ്‌ച രാത്രിയിൽ മാധവൻ എന്നയാളുടെ വളർത്തുനായയെ അജ്ഞാത ജീവി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വനം വകുപ്പ് പരിശോധനയിൽ ഇത് പുലിയാണെന്ന് കണ്ടെത്തിയിരുന്നു. കടുവയ്ക്ക് പിന്നാലെ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും കണ്ടെത്തിയതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.