ഇന്ന് (ഞായറാഴ്‌ച) രാവിലെ ഇസ്രയേൽ ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ നടത്തിയ വെടിവെയ്പ്പിൽ 31 പേർ കൊല്ലപ്പെട്ടു. 80-ലധികം പേർക്ക് പരിക്കേറ്റു. തെക്കൻ ഗാസയിലെ റാഫ പരിസരത്ത് യുഎസിൻ്റെ പിന്തുണയോടെ നടത്തിവന്ന സഹായവിതരണ കേന്ദ്രത്തിനടുത്താണ് വെടിവെയ്പ്പുണ്ടായത്. ആയിരത്തോളം ജനങ്ങൾ സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നതായും അവിടേക്ക് ടാങ്കുകളിലെത്തിയ സൈന്യം വെടിയുതിർക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) യുഎസ് സർക്കാരിൻ്റെ പിന്തുണയോടെ നടത്തി വന്നിരുന്ന സഹായവിതരണ കേന്ദ്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന അൽ-അലാം റൗണ്ട് എബൗട്ടിലാണ് വെടിവെപ്പ് നടന്നത്.

പരിക്കേറ്റവരെ കഴുതകൾ വലിക്കുന്ന വാഹനങ്ങളിലാണ് ആശുപത്രികളിലേക്ക് എത്തിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . അതേസമയം, 200-ലധികം പേർ പരിക്കുകളുമായി ആശുപത്രിയിലെത്തിയതായാണ് അനൗദ്യോഗിക വിവരം. വാഷിങ്‌ടൺ ഹമാസിൻ്റെ വെടിനിർത്തൽ നിർദേശം തള്ളിയതിന് പിന്നാലെയാണ് സാധാരണ ജനങ്ങൾക്ക് നേരെ ഇത്തരത്തിൽ ഒരു വെടിവെപ്പ് നടന്നത് എന്നതും ശ്രദ്ധേയമാണ്. ഭക്ഷണത്തിനായി കാത്തുനിന്ന ജനങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഹമാസ് പ്രതികരിച്ചു.

Related Posts