ഇന്ത്യൻ റെയിൽവേ മാറ്റങ്ങൾക്കൊരുങ്ങുകയാണ്. ടിക്കറ്റ് നിരക്ക് വർധനയും ടിക്കറ്റ് ബുക്കിങ്ങിലെ പുതിയ മാറ്റങ്ങളും യാത്രക്കാരെ അധികമായി ബാധിക്കാത്ത രീതിയിൽ ഉടൻ നിലവിൽ വരും. ഘട്ടം ഘട്ടമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ വ്യക്തമാക്കിയിരുന്നു.
യാത്രകൾ സുഗമവും സുഖകരവുമായി ഒരുക്കുന്നതിനായുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. 2025 ജൂലൈ 1 മുതൽ റെയിൽവേ ടിക്കറ്റ് നിരക്കുകളിലെ നേരിയ മാറ്റം പ്രാബല്യത്തിൽ വരും. പാസഞ്ചർ റിസർവേഷൻ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ് , റിസർവേഷൻ ചാർട്ട് തയാറാക്കൽ , എന്നിവയടക്കമുള്ള 3 സുപ്രധാന മാറ്റങ്ങൾക്കാണ് റെയിൽവേ ഒരുങ്ങുന്നത്.
ആധാർ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിർബന്ധമാക്കുന്ന തീരുമാനം ജൂലൈ ഒന്ന് മുതൽ തന്നെ നടപ്പാക്കും. തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഒടിപി സംവിധാവും ജൂലൈ അവസാനത്തോടെ നടപ്പിലാക്കുമെന്നും റെയിൽവേ അറിയിച്ചു. 8 മണിക്കൂർ മുൻപ് തന്നെ റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കും.
റിസർവേഷൻ ചാർട്ട് നിലവിൽ പ്രസിദ്ധീകരിക്കുന്നത് യാത്രാ സമയത്തിന് 4 മണിക്കൂർ മുൻപാണ്. യാത്രക്കാർക്ക് ബദൽ മാർഗം തേടാനും യാത്രയിലെ അനിശ്ചിതത്വം ഇല്ലാതാക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു.