യു.എസ്. ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ അനധികൃതമായി കുടിയേറി പാർക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്‌ടർ എസ്. ജയശങ്കർ. ഇന്ത്യയ്ക്ക് എല്ലായ്പോഴും തുറന്ന സമീപനമാണ് അനധികൃതമായി യു.എസിൽ താമസിച്ചുവരുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരികെയെത്തിക്കുന്ന വിഷയത്തിൽ എന്ന് ജയശങ്കർ കൂട്ടിച്ചേർത്തു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയെ ഇക്കാര്യം ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ അതിഥിയായി പങ്കെടുക്കുന്നതുൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികൾക്കായി യു.എസിൽ എത്തിയ ജയശങ്കർ വാഷിങ്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു. എസിൽ അനധികൃതമായി കുടിയേറിപ്പാർക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് സംവാദങ്ങൾ നടക്കുന്നുണ്ടെന്നും വിഷയത്തിൽ യു.എസിലെ ജനങ്ങൾ അസ്വസ്ഥരാണെന്നുള്ള കാര്യം മനസ്സിലാക്കുന്നതായും ജയശങ്കർ പറഞ്ഞു. ഇന്ത്യൻ ജനതയുടെ വൈദഗ്‌ധ്യത്തിനും മികവിനും ആഗോളതലത്തിൽ അവസരങ്ങൾ ലഭിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നിയമപരമായ കുടിയേറ്റത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായും ജയശങ്കർ കൂട്ടിച്ചേർത്തു.

അനധികൃതകുടിയേറ്റം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിവെയ്ക്കുമെന്നും അനധികൃതകുടിയേറ്റത്തെ ഇന്ത്യ എതിർക്കുന്നതായും അതിനാൽ അത്തരത്തിലുള്ള കുടിയേറ്റം അപമാനകരമാണെന്നും അദ്ദേഹം പറയുന്നു. മാർകോ റുബിയോയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ യു.എസിലേക്കുള്ള വിസയ്ക്കായുള്ള കാലതാമസത്തെക്കുറിച്ച് ജയശങ്കർ ധരിപ്പിച്ചിരുന്നു. ഇത് ഇന്ത്യ-യു.എസ്. ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യവും റുബിയോയെ അറിയിച്ചിരുന്നു. 400 ദിവസം വരെ വിസയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് താൻ റുബിയോയെ അറിയിച്ചതായും വിഷയത്തിന്റെ ഗൗരവം റുബിയോയ്ക്ക് വ്യക്തമായിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്നും ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു

Related Posts