കൊച്ചി ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവരുടെ ഹർജികളിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

ഹർജി തളിയാൽ പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തും. തങ്ങൾക്കെതിരെ കേസിൽ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ആണെന്നാണ് പ്രതികളുടെ വാദം. എന്നാൽ, പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ഉണ്ടെന്ന് വിടുതൽ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

രണ്ട് സ്ത്രീകളെ സാമ്പത്തിക അഭിവൃദ്ധിക്കായി പണം വാഗ്ദാനം ചെയ്ത് എത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. വടക്കാഞ്ചേരി സ്വദേശി റോസ്ലിനും എറണാകുളത്തെ ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പത്മയുമാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിൻ്റെ പേരിൽ നടത്തിയ നരബലി ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളും കൊലപാതകങ്ങളും പുറംലോകം അറിഞ്ഞത്.

തുടക്കം മുതൽ ദൃക്സാക്ഷികളില്ലാത്ത കേസായതിനാൽ കടുത്ത വെല്ലുവിളികളാണ് അന്വേഷണ സംഘം നേരിട്ടിരുന്നത്. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കുടുംബത്തിൻ്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി.

പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. തട്ടിക്കൊണ്ട് പോകൽ, കൊലപാതകം, ഗൂഢാലോചന, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.

Related Posts