ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഒരു ഇളവ് പോലും കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുകേഷ് വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്.
കുറ്റം ചെയ്തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോധ്യം ജനാധിപത്യ മഹിള അസോസിയേഷനുണ്ട്. വിക്ടിമിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്”- പി.കെ ശ്രീമതി പറഞ്ഞു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എൽ.എയ്ക്കെതിരായി നൽകിയ നടി നൽകിയ പരാതി. മുകേഷിനെതിരായി ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറഞ്ഞത്.
ഈ കേസ് എറണാകുളം മരട് പോലീസാണ് ആദ്യം രജിസ്റ്റർ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരിൽ വെച്ച് അതിനു സമാന സംഭവം ആവർത്തിച്ചുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അതുപ്രകാരം കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്.