കൊച്ചി പറവൂർ ചേന്ദമംഗലത്ത് അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നാലംഗകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. ഉഷ, വേണു. വിനിഷ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. വിനിഷയുടെ ഭർത്താവായ ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ അയൽവാസിയായ റിതു ജയൻ (28) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപും പല കേസുകളിലും പ്രതിയാണ്. കൊലയ്ക്ക് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിൽ ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്തയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതി മാനസിക പ്രശ്നം ഉള്ള വ്യക്തിയാണോ എന്ന് സംശയമുണ്ടെന്ന് റൂറൽ എസ്.പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതും പരിശോധിക്കും . 2022 മുതൽ നോർത്ത് പറവൂർ പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉള്ളതാണ് കസ്റ്റിഡിയിലുള്ള റിതു ജയൻ എന്ന് മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ പറഞ്ഞു. വടക്കൻ പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പറവൂർ താലൂക്ക് ആശുപത്രിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

Related Posts