മലയാളികളടക്കം 23 പേർ കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ. കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിൻ (31) മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിരവധി പേർ ചികിത്സയിലുണ്ട്. ഇതിൽ ചിലർ വെൻ്റിലേറ്ററിലാണെന്നാണ് വിവരം. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. 40 ഓളം ഇന്ത്യക്കാർ ദുരന്തത്തിൽ പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതലും മലയാളികളാണെന്നാണ് സൂചന.

വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് +96565501587 എന്ന ഹെൽപ് ലൈൻ നമ്പറിൽ വാട്‌സ്ആപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. 21 പേർക്ക് സ്ഥിരമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിലുള്ള 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. മിക്കവരും അപകടനില തരണം ചെയ്തിട്ടില്ല. ഫർവാനിയ, അദാൻ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വ്യാജമദ്യ കേസുകൾ ശനിയാഴ്ച മുതലാണ് റിപ്പോർട്ട് ചെയ്തു തുടങ്ങിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജലീബ് അൽഷുയൂഖ് മേഖലയിലെ അനധികൃത മദ്യവില്പന കേന്ദ്രത്തിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് കരുതുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Related Posts