സൂക്ഷ്‌മതയുടെ കലയാണ് കഥാരചനയെന്ന് കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപൻ പറഞ്ഞു. കഥ എഴുതുവാനുള്ള ആശയം കിട്ടിയാൽ അതിന് ചുറ്റുമുള്ള ജ്വാല നഷ്ടപ്പെടാതെ കത്തിപ്പടരാൻ ഉതകുന്ന കഥാപാത്രങ്ങളെയും സങ്കട, സംഘർഷങ്ങളെയും എഴുത്തുകാരൻതന്നെ തേടി പ്പിടിക്കണമെന്നും പറഞ്ഞു. ദൂരവാണിനഗർ കേരള സമാജത്തിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ ‘ആവിഷ്കാരത്തിൻ്റെ പ്രേരകങ്ങളും പ്രചോദനങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇന്ദുഗോപൻ.
എഴുത്ത് നമ്മുടെ ഉള്ളിൽനിന്ന് ആകസ്‌മികമായി ഒരു മിന്നൽ പോലെ വന്നുചേരുന്നതാണെന്നും അജ്ഞാതമാണ് അതിൻ്റെ പിറവി രഹസ്യമെന്നും തുടർന്നു സംസാരിച്ച കവി വീരാൻകുട്ടി പറഞ്ഞു.
എഴുതിയില്ലെങ്കിൽ മരിച്ചുപോകുമെന്ന മട്ടിലുള്ള ആത്മപ്രേരണയാണ് ഒരാളെ എഴുത്തിൻ്റെ വഴിയിൽ അലയാൻ അർഹനാക്കുന്നതെന്നും വീരാൻകുട്ടി പറഞ്ഞു. സമാജം പ്രസിഡണ്ട് മുരളീധരൻനായർ അധ്യക്ഷത വഹിച്ചു.
സാഹിത്യ വിഭാഗം ചെയർമാൻ കെ.ചന്ദ്രശേഖരൻനായർ ചർച്ച ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖപ്രസംഗം നടത്തി. സാഹിത്യവിഭാഗം സബ് കമ്മിറ്റി അംഗം രേഖ.പി.മേനോൻ, കൺവീനർ സി. കുഞ്ഞപ്പൻ, സമാജം ട്രഷറർ എം.കെ.ചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി പി.സി.ജോണി, ടി.എ.കലിസ്റ്റസ്, വി.കെ. സുരേന്ദ്രൻ, കെ.ആർ കിഷോർ, രഞ്ജിത്ത്, ഡോ.പി. രാജൻ, വൈസ് പ്രസിഡണ്ട് എം.പി.വിജയൻ എന്നിവർ സംസാരിച്ചു. മേധാ എസ്. നായർ, സ്‌മിതാ മോഹൻ, രേഖാ പി. മേനോൻ, തങ്കമ്മ സുകുമാരൻ, സൗദാ റഹ്‌മാൻ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു