ശ്രീലങ്കയിൽ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഡോക്ടർമാരുടെ ട്രേഡ് യൂണിയൻ ദിസനായകെയ്ക്ക് അയച്ച കത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നടപടി സഹായകമാകുമെന്നാണ് കരുതുന്നത്. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്.
കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ 44,192 കുടുംബങ്ങളിൽ നിന്നുള്ള 1,48,603 പേർ ദുരിതത്തിലായി. 5,024 കുടുംബങ്ങളിൽ നിന്നായി ഏകദേശം 14,000 ആളുകൾ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയതായാണ് റിപ്പോർട്ടുകൾ.
ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ ഡെൽറ്റ ജില്ലകളിലും മഴ തുടങ്ങി. 54 എടിആർ (എടിആർ) സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ ചെന്നൈയിൽ നിന്ന് മാത്രം 36 വിമാനങ്ങൾ റദ്ദാക്കി.