എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയാണിത്. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും ഇതേ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നു. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇഡി നോട്ടീസ്. – സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
‘കേരളത്തിലുടനീളം ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. വികസനപ്രവർത്തനങ്ങൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാം. മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയർത്തിയ ചോദ്യത്തിന് ഇഡി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്.’ ഗോവിന്ദൻ പറഞ്ഞു. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും ഗോവിന്ദൻ പറഞ്ഞു.