തൊലിയുടെ നിറത്തിൻ്റെ പേരില്‍ അപമാനം നേരിട്ടെന്ന് വെളിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ് കറുപ്പെന്നും അതിനെ ഇത്ര നിന്ദിക്കുന്നത് എന്തിനാണെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഭർത്താവിൻ്റെയും തൻ്റെയും നിറങ്ങളെ താരതമ്യപ്പെടുത്തി ഒരാൾ നടത്തിയ മോശം പരാമർശത്തിനെതിരേയാണ് ചീഫ് സെക്രട്ടറി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
മനോഹരമായ നിറമായ കറുപ്പിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കുറിപ്പിൽ ചോദിക്കുന്നു. നിറത്തിൻ്റെ പേരിൽ വർണ്ണ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സമൂഹ മാധ്യമങ്ങളിൽ വ്യാപക പിന്തുണ. ശാരദ മുരളീധരന് നിറത്തിൻ്റെ പേരിൽ ആക്ഷേപം നേരിട്ടതിൻ്റെ പേരിൽ ആദ്യം ഇട്ട കുറിപ്പ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താൻ നേരിട്ട കാര്യത്തിൽ വിശദമായ കുറിപ്പ് ശാരദ മുരളീധരൻ പോസ്റ്റ് ചെയ്തത്.
നിറത്തിൻ്റ പേരിലെ വിമർശനം നേരിട്ടെന്ന് ഇന്നലെയാണ് ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്. മുൻ ചീഫ് സെക്രട്ടറിയും ഭർത്താവുമായ വേണുവിൻ്റേയും തൻ്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശത്തെ കുറിച്ചായിരുന്നു കുറിപ്പ്. ഭർത്താവിൻ്റെ നിറം വെളുപ്പാണെന്നും തൻ്റെ നിറം കറുപ്പാണെന്നുമുള്ള തരത്തിൽ ഒരു കമൻ്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നത്. വിവാദം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് അത് ഡിലീറ്റ് ചെയ്തത്. എന്നാൽ ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചിലർ ചൂണ്ടിക്കാട്ടിയതോടെയാണ് വിശദമായ പോസ്റ്റുമായി എത്തിയതെന്നും ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യ കുറിപ്പ് പിൻവലിച്ചതിന് പിന്നാലെ താൻ നേരിട്ട വിഷയത്തിൽ രാത്രിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘കഴിഞ്ഞ ഏഴ് മാസമായി എൻ്റെ മുന്‍ഗാമിയുമായുള്ള താരതമ്യപ്പെടുത്തലിൻ്റെ പരേഡായിരുന്നു, കറുത്തവളെന്ന മുദ്രകുത്തലായിരുന്നു. ഇതില്‍ ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു, ലജ്ജ തോന്നുന്നു. പ്രപഞ്ചത്തിൻ്റെ സര്‍വ്വവ്യാപിയായ സത്യമാണ് കറുപ്പ്. എന്തിനേയും ആഗീരണം ചെയ്യാന്‍ സാധിക്കുന്ന, മനുഷ്യ വര്‍ഗത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ഊര്‍ജ്ജസ്പന്ദനം. എല്ലാവരിലും പ്രവര്‍ത്തിക്കുന്ന നിറം. ഓഫീസിലേക്കുള്ള വസ്ത്രധാരണരീതി, മഴയുടെ വാഗ്ദാനം.
എന്നെ വീണ്ടും ഗര്‍ഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചത്. മതിയായ നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ തുടങ്ങി ഇത്തരത്തില്‍ ഒരു വിശേഷണത്തില്‍ ജീവിച്ചതില്‍ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്. കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എൻ്റെ മക്കള്‍ കണ്ടെത്തി. കറുപ്പ് ഭംഗിയാണെന്ന് അവരെനിക്ക് മനസ്സിലാക്കിത്തന്നു, അത് കണ്ടെത്താന്‍ അവരെന്നെ സഹായിച്ചു. കറുപ്പ് മനോഹരമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു…’ ഇങ്ങനെയാണ് ഫേസ്ബുക് പോസ്റ്റ്.