ഇന്ത്യക്ക് നേരെ തുടർച്ചയായ രണ്ടാം രാത്രിയും പ്രകോപന ആക്രമണവുമായി പാകിസ്താൻ. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ, ഇവയെല്ലാം കരുത്തുറ്റ ഇന്ത്യൻ വ്യോമപ്രതിരോധത്തിൽ തരിപ്പണമായി. വിമാനത്താവളങ്ങൾ, വ്യോമ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഇടങ്ങളിലേക്ക് ഉൾപ്പെടെയാണ് ആക്രമണമുണ്ടായത്.

ഇന്ത്യ ആക്രമണ ശക്തമായ മുൻകരുതൽ സാധ്യതയുള്ളയിടങ്ങളിലെല്ലാം സ്വീകരിച്ചിരുന്നു. പല നഗരങ്ങളിലും വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ച് സമ്പൂർണ ബ്ലാക്കൗട്ടിലായിരുന്നു. ജനങ്ങൾക്ക് വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി കഴിയാൻ നിർദേശം നൽകിയിരുന്നു.

നഗ്രോറ്റ, ജമ്മു, ശ്രീനഗർ, അവന്തിപോര, ഫിറോസ്‌പൂർ, പത്താൻകോട്ട്, ഫസിൽക, ലാൽഗഡ് ജട്ട, ജയ്‌സാൽമീർ, ബാർമെർ, ഭുജ്, കുവർബെത്, ലഖി നല തുടങ്ങിയ സ്ഥലങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. വടക്കൻ കശ്മീരിലെ ബാരാമുല്ല മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങളിൽ പാകിസ്താൻ ഡ്രോണുകളെ നേരിട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

ഒരു കുടുംബത്തിലെ 3 പേർക്ക് ഫിറോസ്‌പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റു. ശ്രീനഗർ വിമാനത്താവളത്തിനും അവന്തിപൊരയിലെ വ്യോമകേന്ദ്രത്തിനും നേർക്കുണ്ടായ ഡ്രോൺ ആക്രമണ ശ്രമം സൈന്യം തകർത്തു. സൈന്യം വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചുവരികയാണ്.

അതിർത്തി മേഖലയിൽ ഡ്രോൺ ആക്രമണത്തിനൊപ്പം വ്യാപക ഷെല്ലിങ്ങും പാക് ഭാഗത്തുനിന്നുണ്ടായി. തുടർന്ന് ഇന്ത്യ പാക് പ്രകോപനത്തിന് കനത്ത മറുപടി നൽകിയതായാണ് റിപ്പോർട്ടുകൾ. പാക്കിസ്താൻ്റെ 3 വ്യോമ താവളങ്ങളിൽ ഇന്ത്യൻ ആക്രമണമുണ്ടായതായാണ് വിവരം. ചക്‌വാലിലെ മുറിദ്, റാവിൽപിണ്ടിയിലെ നൂർ ഖാൻ, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിലാണ് ആക്രമണമുണ്ടായത്.

Related Posts