ആവേശം നിറച്ച ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം;. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. 41 വർഷത്തെ ഏഷ്യകപ്പ് ചരിത്രത്തിൽ ഇന്ത്യ- പാക് ഫൈനലുണ്ടായത് ഇതാദ്യമായാണ്. ടൂർണമെൻ്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്. ഒരുവേള ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തുറ്റ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സഞ്ജു സാംസൻ്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 147 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
തിലക് വര്‍മ 53 ബോളില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാല് ഓവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ തുറിച്ചുനോക്കിയ ഇന്ത്യയെ തിലക് – സഞ്ജു കൂട്ടുകെട്ടാണ് രക്ഷിച്ചത്. 24 റണ്‍സെടുത്ത് സഞ്ജു പുറത്തായതിനെ തുടര്‍ന്ന് ഇറങ്ങിയ ശിവം ദുബെയും തിലകിന് കരുത്ത് പകര്‍ന്നു. ശിവം ദുബെ 22 ബോളിൽ 33 റൺസെടുത്തു. സ്പിന്‍ മാന്ത്രികതയില്‍ പാക് ബാറ്റിങ് നിരയെ തകർത്തു അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരുന്നത്.
കുല്‍ദീപ് യാദവിൻ്റെ നാല് വിക്കറ്റ് നേട്ടത്തിലാണ് ഇന്ത്യ ബോളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റും കൊയ്തു. പാകിസ്ഥാൻ്റെ സാഹിബ്‌സാദ ഫര്‍ഹാൻ്റെ അര്‍ധ സെഞ്ചുറി പാഴായി.
കിരീടം നേടിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് അവാർഡ് ദാന ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്.
ഇതിനിടെ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് സമ്മാനദാന ചടങ്ങിൽ ട്രോഫി നൽകിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ഇത്രയും കാലം ക്രിക്കറ്റ് കളിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവമെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺ സിലിൻ്റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽനിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. എന്നാൽ മറ്റാരെക്കൊണ്ടെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.