ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും ജെയ്ഷെ കമാൻഡറുമായ സെയ്ഫുള്ള ബലോച് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ കരസേനയും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിച്ചിരുന്ന മൺവീട് വളഞ്ഞ സൈന്യം ശക്തമായ ആക്രമണത്തിലൂടെ മൂന്ന് പേരെയും വധിക്കുകയായിരുന്നു.
സൈനിക നായയായ ടൈസൺ ആണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ ടൈസൺ നിലവിൽ വിദഗ്ധ ചികിത്സയിലാണ്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് എകെ-47 റൈഫിളുകളും ഗ്രനേഡുകളും വൻതോതിൽ വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.