വാഴച്ചാൽ അതിരപ്പിള്ളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. ഇന്ന് രാവിലെയാണ് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ വിദഗ്ധ സംഘമാണ് ആനയെ പിടികൂടാൻ പുറപ്പെട്ടത്. സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം മയക്കുവെടിവെച്ചത്. മയക്കുവെടിയേറ്റ ആന കാട്ടിനുള്ളിലേക്ക് നീങ്ങി. ആന മയങ്ങിയ ശേഷം ഡോ. അരുൺ സക്കറിയ വിശദമായി പരിശോധിച്ച് ചികിത്സ ആരംഭിക്കും. പുഴയോട് ചേർന്ന സ്ഥലത്താണ് ആന കിടന്നത്. തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അതിന് ശേഷമാണ് മയക്കുവെടി വെച്ചത്. മയക്കുവെടി കൊണ്ടതിനു പിന്നാലെ റബർ തോട്ടത്തോട് ചേർന്ന റിസർവ് വനത്തിലേക്ക് ആന ഓടി കയറി. ആന മയങ്ങാനായി ദൗത്യസംഘം കാത്തിരിക്കുകയാണ്. അര മണിക്കുറിനുള്ളിൽ മയങ്ങുന്ന ആനയുടെ അടുത്തെത്തി മുറിവിൻ്റെ ആഴവും പഴുപ്പും പരിശോധിച്ച് ചികിത്സ തീരുമാനിക്കും. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, കുത്തേറ്റതാണ് മുറിവിന് കാരണം. മുറിവുണങ്ങാൻ സമയമെടുക്കും. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വനപാലകർ പറയുന്നു. സാധാരണ രീതിയിൽ തന്നെ തീറ്റയും വെള്ളവുമെടുക്കുന്നുണ്ട്.

Related Posts