അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസത്തോളം ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറുർ കാപ്പിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിൻ്റെ ഭാര്യ റംല (52) യാണ് മരണത്തിനു കീഴടങ്ങിയത്.
രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ആദ്യവാരം ചികിത്സ തുടങ്ങിയിരുന്നു. രോഗം ഭേദമാവാതെയായതോടെ ആഗസ്ത് ഒന്നിന് തിരുരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്.
അടിയന്തര ചികിത്സ നൽകിയതിനെത്തുടർന്ന് ആരോഗ്യനില മെച്ചപ്പെടുകയും തുടർന്ന് ആഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ആഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കുകയുമായിരുന്നു.