കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം മുസ്ലിംലീഗ് പ്രതിനിധിസംഘത്തിന് ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ കൈമാറി. സംഭവത്തിൽ മുസ്ലിംലീഗിൻ്റെയും എ.ഐ.കെ.എം.സി.സിയുടെയും ഇടപെടലിനെ മന്ത്രി പ്രശംസിക്കുകയും പുനരധിവാസ പദ്ധതിയെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നസീർ അഹമ്മദ് എം എൽ സി , മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസി. സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, ദേശീയ സമിതി അംഗം സിദ്ദിഖ് തങ്ങൾ ബാംഗ്ളൂർ, മൈനൊരിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. മുനീർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിലാണ് ഫ്ളാറ്റുകൾ വിതരണം ചെയ്യുന്നത്. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്ളാറ്റുകൾ സബ്സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്ളാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും. ജനറൽ വിഭാഗത്തിന് ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപ മൊത്തം സബ്സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി ഒന്ന് മുതൽ ഫ്ളാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ്റെ മേൽനോട്ടത്തിലായിരിക്കും പുനരധിവാസം.
അനധികൃത കയ്യേറ്റത്തിൻ്റെ പേരിൽ കുടിയൊഴിക്കപ്പെട്ട യലഹങ്കയിലെ കുടുംബംങ്ങൾക്ക് കർണാടക സർക്കാർ 11 ലക്ഷം രൂപയോളം വിലയുള്ള പണി തീർന്ന ഫ്ളാറ്റുകളാണ് നൽകുന്നത്. നഷ്ടമായ കുടിലുകളേക്കാൾ പതിന്മടങ് സൗകര്യങ്ങൾ ഉള്ള ഫ്ളാറ്റ് സാമൂച്ചയമാണ് വിതരണം ചെയ്യുക. വൃത്തിഹീനമായ ചേരിപ്രദേശത്ത് കഴിഞ്ഞിരുന്നവർക്ക് ഒരു രൂപ പോലും ചെലവഴിക്കാതെ മികച്ച താമസ സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്. രാജ്യത്തെ പുനരധിവാസ ചരിത്രത്തിലെ തന്നെ മികച്ച ഒരു മാതൃകയാണ് കർണാടക സർക്കാർ സ്വീകരിക്കുന്നത്. എല്ലാ രേഖകളുമായി സ്വന്തം പേരിലുള്ള വീടുകളിൽ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് മനുഷ്യർ കേരളത്തിൽ ഉൾപ്പെടെ വികസനത്തിൻ്റെ പേരിൽ കുടിയൊഴിഞ്ഞ് പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. മൂലമ്പിള്ളി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ പുനരധിവാസം 17 വർഷമായിട്ടും ഇഴഞ്ഞ് നീങ്ങുമ്പോഴാണ് കർണാടകയിൽ യാതൊരു രേഖകളുമില്ലാതെ ചേരിപ്രദേശത്ത് കഴിഞ്ഞവർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി പുനരധിവാസം ഒരുക്കുന്നത്.