ആലപ്പുഴ പുന്നപ്രയിൽ ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപത്ത് ഡോൾഫിൻ്റെ ജഡമടിഞ്ഞു. തലക്ക് മുറിവേറ്റ നിലയിലായിരുന്നു ഡോൾഫിൻ്റെ ജഡം. ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ സീനിയർ വെറ്ററിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ജഡത്തിൽ നിന്ന് മരണ കാരണമറിയാൻ സാമ്പിളുകൾ ശേഖരിച്ചശേഷം ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപത്ത് മറവു ചെയ്തു.
തോട്ടപ്പള്ളി തീരദേശ പൊലീസും ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലിൽ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്. തറയിൽക്കടവ് ഭാഗത്ത് നേരത്തെ ഡോൾഫിൻ്റെ ജഡവും പുറക്കാട് 2 ഭീമൻ തിമിംഗലങ്ങളുടെ ജഡവുമടിഞ്ഞിരുന്നു. കപ്പലപകടത്തിന് ശേഷം തീരത്ത് ഡോൾഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നത് തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാക്കുന്നു.