രാജ രഘുവംശിയുടെ കൊലപാതകത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാനമായ സംഭവം. 32-കാരനായ യുവാവിനെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിലെ കുര്‍ണൂല്‍ സ്വദേശിയായ തേജേശ്വറിൻ്റെ മൃതദേഹമാണ് കനാലില്‍ കണ്ടെത്തിയത്.

ഇയാളെ ജൂണ്‍ 17-ാം തീയതി മുതല്‍ കാണാതായിരുന്നു. ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് തേജേശ്വറിൻ്റെ മരണത്തിനു പിന്നാലെ കുടുംബം രംഗത്തെത്തി.കേസുമായി ബന്ധപ്പെട്ട് തേജേശ്വറിൻ്റെ ഭാര്യ ഐശ്വര്യയേയും ഭാര്യാമാതാവ് സുജാതയേയും പോലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നൃത്താധ്യാപകനും സ്വകാര്യ ഭൂമി സർവേയറുമാണ് മരിച്ച തേജേശ്വർ. മരണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ പക്ഷേ, ഇയാളുടെ ഭാര്യയുടെ വിവാഹേതര ബന്ധവും കൊലപാതകവും സംബന്ധിച്ച ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഐശ്വര്യയുടെ അമ്മ സുജാത ജോലിചെയ്‌തിരുന്ന ബാങ്കിലെ ഒരു ജീവനക്കാരനുമായി ഐശ്വര്യ ബന്ധത്തിലായിരുന്നുവെന്നാണ് തേജേശ്വറിൻ്റെ കുടുംബം ആരോപിക്കുന്നത്.

തേജേശ്വറുമായും ഈ സമയം ഐശ്വര്യ സ്നേഹബന്ധത്തിലായിരുന്നു. പിന്നീട് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചെങ്കിലും അതിനിടെ ഐശ്വര്യയെ അപ്രതീക്ഷിതമായി കാണാതായി. വിവാഹം ഇതോടെ വൈകുകയും ചെയ്തു.

തേജേശ്വറിനെ ജൂൺ 17-ന് കാണാതായതിനു പിന്നാലെ സഹോദരൻ തേജവർദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച മൊബൈൽ ലൊക്കേഷൻ കണ്ടെത്തി നടത്തിയ പരിശോധനയിലാണ് ഒരു കനാലിൽ തേജേശ്വറിൻ്റെ മൃതദേഹം അധികൃതർ കണ്ടെത്തിയത്.

Related Posts