അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ്. ഇന്ന് വിവിധ സ്കൂളുകളിലെത്തുക 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ്. പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ നിർവഹിക്കും. രാവിലെ പത്ത് മണിക്ക് കലവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സ്കൂളിൽ സജീവമായിട്ടുണ്ട്. ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവും, മൂല്യാധിഷ്ഠിത പഠനവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയിൽ ആദ്യമായി പത്താം ക്ലാസിൽ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനമില്ല. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പരിസര ശുചീകരണം, നല്ല പെരുമാറ്റം എന്നിങ്ങനെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളായിരിക്കും പഠിപ്പിക്കുന്നത്. ഇന്ന് പ്രവേശനോത്സവം നടക്കുന്ന ആലപ്പുഴിലെ കുട്ടനാട്ടിലും പുറക്കാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാലവർഷ കെടുതിമൂലമാണ് കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്.