സമയപരിധി അവസാനിച്ചു, മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍. കന്നഡ ഭാഷാ വിവാദത്തിൽ മാപ്പുപറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയതോടെ കർണാടകയിൽ ‘തഗ് ലൈഫ്’ പ്രദർശന വിലക്കിലേക്ക്. മാപ്പുപറയാൻ രണ്ടു തവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംസ്ഥാനത്ത് ചിത്രം നിരോധിക്കാൻ തീരുമാനിച്ചത്. നേരത്തെ, ചെന്നൈയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ മാപ്പുപറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

കന്നഡ ഭാഷാ പരാമർശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമൽഹാസനെ ഇ-മെയിൽ വഴി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും നരസിംഹലു അറിയിച്ചു. അനുകൂലസംഘടനകളുടെ വികാരത്തിനൊപ്പമാണ് ഫിലിം ചേംബര്‍. വിതരണക്കാരെ വിളിച്ചുവരുത്തി കമല്‍ഹാസനുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ചെന്നൈയിൽ നേരത്തെ, ഡിഎംകെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ പരാമർശത്തിൽ താൻ മാപ്പുപറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ‘ഞാൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. ഇത് ജനാധിപത്യരാജ്യമാണ്. സ്നേഹം എപ്പോഴും വിജയിക്കും എന്ന് ഞാൻ കരുതുന്നു. ആന്ധ്രാപ്രദേശിനോടും കർണാടകയോടും കേരളത്തോടുമുള്ള എൻ്റെ സ്നേഹം യഥാർഥമാണ്.

അജൻഡ എന്തെങ്കിലും ഉള്ളവരല്ലാതെ ആരെങ്കിലും അതിനെ സംശയിക്കില്ല. നേരത്തേയും എനിക്കെതിരെ ഭീഷണികൾ ഉണ്ടായിട്ടുണ്ട്. തെറ്റുപറ്റിയെങ്കിൽ ഞാൻ മാപ്പുപറയും, ഇല്ലെങ്കിൽ പറയില്ല’, എന്നായിരുന്നു കമൽ ഹാസൻ്റെ വാക്കുകൾ. ‘തഗ് ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട ചെന്നൈയിലെ പരിപാടിയിൽ കമൽഹാസൻ നടത്തിയ പരാമർശമാണ് വിവാദമായത്.

കന്നഡ തമിഴിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമർശം. മാപ്പുപറയാൻ കമലിന് ഫിലിം ചേംബർ 24 മണിക്കൂർ സമയം അനുവദിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കമലിനെതിരേ കന്നഡ അനുകൂലസംഘടനകളും പ്രതിഷേധിച്ചിരുന്നു. കമൽ മാപ്പുപറഞ്ഞില്ലെങ്കിൽ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സംസ്ക്‌കാരിക വകുപ്പ് മന്ത്രി ശിവരാജ് തങ്കടഗി ഫിലിം ചേംബറിന് കത്ത് നൽകിയിരുന്നു.

Related Posts